Tuesday, February 14, 2012

Tuesday, December 13, 2011

എന്റെ പ്രകാശമേ ഈ തമസ്സിലെ തളിരായ്.....

എന്റെ എകന്തമായ സന്ധ്യകളും,നരച്ച സാ‍യഹ്നങ്ങളും വിരസമായ പ്രഭാതങ്ങളും ഇല്ലാതായിരിക്കുന്നു.എന്റെ സ്വപ്നങ്ങൾ തിരിച്ചു വന്നിരിക്കുന്നു...അത്രമേൽ പ്രിയപ്പെട്ടൊരാൽ എന്റെ പറന്നുപോയ പ്രണയശലഭങ്ങളുമായ് മടങ്ങിയെത്തി...

Thursday, August 18, 2011

ശുഭരാത്രി നേരാതെ എങ്ങുപോയ്....

ഒരാള്‍ കടന്നു  പോകുമ്പോള്‍ അയാള്‍ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല എന്ന് പറയാറുണ്ട്, പക്ഷെ ചിലര്‍ ചിലത് കൂടെ കൊണ്ടുപോകും ....ജോണ്‍സന്‍ മാഷ് കൊണ്ടുപോയി നമ്മുടെ ആത്മാവിലെ ഒരിടം .എന്നാണ് എന്റെ ഹൃദയ ജാലകങ്ങള്‍ തള്ളിത്തുറന്നു മാഷിന്റെ സംഗീതം കടന്നു വന്നതെന്നോ,എന്നാണ് അവിടെ കൂട് കൂട്ടിയതെന്നോ അറിയില്ല ,ഒരു പക്ഷെ എന്റെ ജീവന്റെ രാഗം ചിട്ടപ്പെടുത്തിയതും കല്യാണിയില്‍ ആയിരുന്നിരിക്കണം ,മാഷിന്റെ പ്രിയ രാഗം.മനസ്സിന്‍ മടിയിലെ മാന്‍തളിരില്‍ മയങ്ങിയ ബാല്യത്തിലും ,മനസ്സിന്‍ മോഹം മലരായ്‌ പൂക്കുന്ന  കൌമാരത്തിലും ,കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗ മുദ്രകള്‍ ചാര്‍ത്തിയ യൌവനത്തിലും ആ സംഗീതം മാത്രമായിരുന്നു ഹൃദയത്തില്‍ .മാഷിനെ കാണണം, ,പരിചയപ്പെടണം ഈ കാലത്തിനിടയില്‍ ഞാനും എന്നെക്കാള്‍ മാഷിനെ സ്നേഹിച്ച എന്റെ അനിയനും എത്രയോ തവണ ആവര്‍ത്തിച്ച വാക്കുകള്‍ ...പിന്നീട് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ കൈവന്ന അവസരങ്ങളില്‍ ഒരിക്കല്‍ പോലും മാഷിനെ കാണാന്‍ എനിക്ക് സാധിച്ചില്ല ...ഒരിക്കല്‍ അമൃത ടി വി യുടെ നട വഴിയില്‍ ഒരു പരിചിത മുഖം ...മനസ്സ് ഒരുനിമിഷം തുടിച്ചു ചാടി എങ്കിലും ഏതോ  പിന്‍വിളിയില്‍ ഞാന്‍ തിരിഞ്ഞു നടന്നു ,സമയം ആയില്ല എന്ന് സമാധാനിച്ചു. പിന്നെ പല അവസരങ്ങളിലും തൊട്ടടുത്ത്‌ ഉണ്ടായിരുന്നപ്പോള്‍ അതറിയാതെ ആ ഈണങ്ങള്‍ ചുംബിച്ചു ഞാന്‍ നടന്നു പോയി ..രണ്ടു ദിവസമായി പതിവില്ലാതെ മാഷിനെ ഓര്‍ത്തുകൊന്ടെയിരുന്നു.മാഷിന്റെ പ്രിയ സുഹൃത്ത് പ്രസാദിനെ വിളിച്ചു ,പ്രസാദ്‌ ഇനി മാഷ് വീട്ടില്‍ വരുമ്പോള്‍ എന്നെ തീര്‍ച്ചയായും വിളിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ ..ജോണ്‍സന്‍ ഒരു അവധൂതന്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ,സ്നേഹവും താപവും കോപവും എല്ലാം മറയില്ലാതെ കാട്ടിയ ഒരാള്‍,,,തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിച്ചാല്‍  തിരിച്ചു പോകും അവധൂതന്മാര്‍ .. അങ്ങനെ മാഷും ....എന്റെ വെയിലും ,വര്‍ഷവും ,നിലാവും ,നിനവും ..ഓണവും ,വിഷുവും ,കാവൂട്ടും ,... നിന്റെ സംഗീതം കയ്യൊപ്പ് ചാര്‍ത്താതെ ഒരു പ്രിയ നിമിഷവും കടന്നു പോയിട്ടില്ല ,ഇനി പോവുകയുമില്ല .......വെള്ലാരപ്പൂമല മേലെ പൊങ്കിണ്ണം  നീട്ടി ഓണത്താര്‍ ഇറങ്ങി വരണമെങ്കില്‍ എനിക്ക് നിന്റെ പാട്ടിന്റെ കൂട്ട് വേണം ...മാഷേ,കൂടിക്കാഴ്ചക്ക് മുന്നേ പറന്നു പോയല്ലോ .........ശുഭരാത്രി നേരാതെ ........

Friday, August 12, 2011

നാട് നഷ്ടപ്പെട്ടവര്‍ 3

 ...നാമ ജപത്തിന്റെ ഈണമാണ് ബാല്യത്തിന്റെ ആദ്യ രാഗം ....അക്ഷരം നീട്ടിചൊല്ലുന്ന താളമാണ് ആദി താളം ...........അങ്ങനെ ഞങ്ങളുടെ കോറസ് ....ഹരീ ....ശ്രീ ...എന്നങ്ങനെ ഉയരും ,അതുകഴിഞ്ഞാല്‍  പ്രാവേ പ്രാവേ പോകല്ലേ വാ വാ കൂട്ടിനകത്താക്കാം [ഇത് കേട്ടാല്‍ അന്നേരം അവിടിരിക്കുന്ന പ്രാവ് പറന്നു പോകും ,വാ വാകൂട്ടിനകത്താക്കാം  എന്ന് ...പിന്നല്ലാതെ }...ഒന്നാനാം കുന്നിന്‍ മേല്‍ തുടങ്ങിയ പാട്ടുകള്‍ പാടും ,തല്ലു കൊണ്ട് കരഞ്ഞു പാടുന്നവര്‍ ഒരു വിഭാഗം,എന്റെ അത്രയും സൌണ്ട് ഇവിടെ ആര്‍ക്കും ഇല്ല എന്ന മട്ടുകാര്‍,കൂട്ടത്തില്‍ ചുണ്ടനക്കുന്നവര്‍ എല്ലാം ഉണ്ട് കേട്ടോ..ഒരു൧൨ മണി ആകുമ്പോള്‍ വീട്ടില്‍ നിന്ന് ചോറ് കുത്തി നിറച്ചു വിമാനത്തിന്റെ പടം ഉള്ള തട്ടവുമായി കുഞ്ഞമ്മ വരും ...തന്കോഞ്ഞയെ കാണുമ്പം നമ്മുടെ ഗോപി സാറിന്റെ ഒരു പാട്ടുണ്ട്..തങ്കമണി പൊന്നുമണി ചട്ടംബിക്കല്യാണീ......അന്ന് നമുക്കിതിന്റെ ഒരു സംഭവം അറിയത്തില്ലല്ലോ ,,,,ആ അത് പോട്ടെ...ഈ ഉച്ചയൂണ്‍ എന്ന് പറയുന്ന കലാപരിപാടി ഒരര്‍ത്ഥത്തില്‍ മറ്റൊരു പീഡനം ആണ്..വീട്ടില്‍ നമ്മള്‍ എന്തൊക്കെ കഴിക്കാന്‍ മടിക്കുന്നോ ,അതെല്ലാം ഈ പാത്രത്തില്‍ കാണും ...കഷണ്ടിയും തടവി കണ്ണും ചുവപ്പിച്ചു ഗോപിസാറിന്റെ ഒരു മൂളല്‍ ഉണ്ട് ...വേപ്പിന്‍ പട്ട കഷായം ആണെങ്കിലും നിന്ന നില്‍പ്പില്‍ നമ്മള്‍ മൂന്നു കുപ്പി കഴിക്കും ..അതാ ആ മൂളലിന്റെ ഒരു എഫ്ഫക്റ്റ്‌ 


                                                                                                                  തുടരും Thursday, August 11, 2011

ആദ്യാക്ഷരങ്ങള്‍ പോലെ മനസ്സില്‍ തെളിയുന്ന മറ്റൊരു വിളക്ക് ഉണ്ടാവില്ല ,രണ്ടര വയസ്സായപ്പോള്‍ അമ്മ എന്നെ എഴുത്തിനിരുത്തി,ഉടനെ തന്നെ ഗോപിസാര്‍ എന്ന, ഞങ്ങളുടെ ഗ്രാമക്കുഞ്ഞുങ്ങളുടെ നിര്‍ബന്ധിത  പേടി സ്വപ്നതിനരികിലേക്ക് ആനയിച്ചു.രാവിലെ ഒന്‍പതുമണിക്ക് ഹാജരായില്ലെങ്കില്‍ സാര്‍ അങ്ങ് വീട്ടില്‍ എത്തും ...വെറുതെ അങ്ങ് വരുവല്ല ,പുള്ളിയുടെ കയ്യില്‍ അവിടുത്തെ അപ്പൂപ്പന്‍ പാക്ക് വെട്ടുന്ന പാക്ക്വെട്ടിയും ഉണ്ടാകും..അത് കാണുമ്പോള്‍ തന്നെ ഇതു പരാക്രമിയും സ്ലേറ്റ്‌ കയ്യില്‍ എടുക്കും ...സ്കൂളില്‍ ഇത് മാത്രമല്ല, സയ്ക്കില്‍ ചെയിന്‍ ,ചൂരല്‍ ,അതും ചാണകത്തില്‍ ഇട്ടു ഉണക്കിയത് {അതിനു വേദന കൂടും }തുടങ്ങിയ മാരകായുധങ്ങളുടെ കമനീയ ശേഖരവും ...അങ്ങനെ എന്നെ ആദ്യം അവിടെ കൊണ്ടാക്കാന്‍ പോയ ദിവസം തന്നെ എല്ലാ പ്രതിരോധങ്ങളും അവസാനിപ്പിച്ച്‌ ഞാന്‍ കീഴടങ്ങി .രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ തന്നെ രേഖ അക്ക എന്റെ അനുസരണ  തീരെ ഇല്ലാത്ത ചുരുണ്ട മുടിയില്‍ കുറച്ചു മുല്ലപ്പൂ ചൂടി തരും,ആ വീട്ടില്‍ ശന്കരമ്മാവന്‍ നാട്ടു പിടിപ്പിച്ച കുടമുല്ല ഒരു  കിളിമരത്തില്‍ പടര്‍ന്നു പൂത്തുലഞ്ഞു കിടന്നിരുന്നു ..ഈ കുറ്റിമുല്ല കൃഷി ഒക്കെ വരുന്നതിനു മുന്‍പുള്ള കാലമാണേ...രേഖ അക്ക പൂവ് ചൂടാതെ സ്കൂളില്‍ പോകില്ല അതിന്റെ ഒരു പങ്കു നമ്മളോടുള്ള സ്നേഹം കൊണ്ട് തരുന്നതാ കേട്ടോ ..അങ്ങനെ പൂവും ചൂടിച്ചു  തങ്കോഞ്ഞ എന്ന് ഞാനും പിന്നീട് നാട്ടുകാരും വിളിച്ചു തുടങ്ങിയ എന്റെ കുഞ്ഞമ്മയോ,അല്ലെങ്കില്‍ അമ്മൂമ്മയോ ,അതുമല്ലെങ്കില്‍ രേഖ അക്കയോ എന്നെ നയിക്കുകയായി ,വഴിയില്‍ കാണുന്ന ചിലര്‍ ,രാധാമണി അക്കയുടെ അനിയത്തി ശോഭ അക്ക,അല്ലെങ്കില്‍ ഉഷ ആന്റി അങ്ങനെ ആരെങ്കിലും എന്റെ ഇരട്ടപ്പേര് ഉറക്കെ വിളിക്കും :സായി ബാബാ" എന്ന്.കാര്യം എന്താന്നു വച്ചാല്‍ എന്റെ അന്നത്തെ മുടിയും ഇന്നത്തെ സായി ബാബയുടെ മുടിയും ഒരുപോലാ ...എന്ത് ചെയ്യാനാ ,അതില്‍ ചെറിയൊരു പരിഭവവും ഒക്കെയായി നേരെ ആശാന്‍ പള്ളിക്കൂടത്തില്‍ എത്തിയാല്‍ നല്ല പഞ്ചാര മണലില്‍ ഹരീ ,ശ്രീ ,എന്ന് എഴുത്ത് തുടങ്ങും.


                                                                                                                        തുടരും  


Friday, July 29, 2011

Tuesday, July 26, 2011

നാട് നഷ്ടപ്പെട്ടവര്‍

ഗ്രാമങ്ങളുടെ മാറുന്ന ഭൂമിശാസ്ത്രം നമുക്കു നഷ്ടപ്പെടുത്തുന്നതു ഓര്‍മ്മകള്‍ തേടിയെത്താനുള്ള ഇടങ്ങള്‍
 കൂടിയല്ലേ ...20 വര്‍ഷങ്ങള്‍ക്കിപ്പുറം ബാല്യമൊ,കൌമരമോ ഓര്‍ത്തെടുക്കാന്‍   നാട്ടിടവഴികള്‍ തേടിയ എനിക്കു പഴയ ചെമ്മണ്‍ നിരത്തുകള്‍ അടയാളപ്പെടുത്താന്‍ പോലുമായില്ല.മുതിര്‍ന്നവരുടെ പകലുറക്കങ്ങള്‍ക്കിടയില്‍ നിന്ന് അനുവാദമില്ലാതെ പുറത്തു കടന്നാല്‍ 2 മണിക്കാറ്റില്‍ പച്ചക്കടല്‍ത്തിര..ഒരു നിമിഷം കണ്ണടച്ചാല്‍ മൂക്കിലേക്ക് തഴുകിക്കയറും വിളഞ്ഞ നെല്‍മണികളുടെ,ചേറിന്റെ,വരന്പിലെ കയ്യോന്നിയുടെ,മാങ്ങാപ്പച്ചയുടെ,പേരറിയാ വയല്‍പ്പൂക്കളുടെ മിശ്രഗന്ധം.പാടം മുഴങ്ങോടിക്കാരുടെ കണ്ടം..കണ്ടത്തിനതിരു കായലാ...പള്ളിക്കലാറിന്റെ ഒരു കൈവഴി.ഒറ്റതിരിഞ്ഞു കെട്ടുവള്ളങ്ങള്‍ നീങ്ങും..വീട്ടുജോലിയും,പാലത്തേക്കും ...ഈ പാലത്തേക്ക് എന്നു പറഞ്ഞാല്‍ അതും ഞങ്ങടെ ഒരു ഗ്രാമ്യ പ്രയോഗവാ കേട്ടോ..പകലത്തേക്കുളളതു.. ഉച്ചയൂണ്‍ കഴിഞ്ഞ് രാധാമണിയക്ക പശുവിനു പോച്ച പറിക്കാന്‍ ഇറങ്ങും ,വയലിനക്കരെ രാധയുടെ മാടം,ഓല കുത്തിമറച്ച മാടത്തിന്‍ മുറ്റത്തു വെള്ളു എന്ന പട്ടി സദാ കോഴികളോടു കലഹിച്ചു കഴിഞ്ഞുകൂടി. പോച്ച പറിച്ചു കഴിഞ്ഞാല്‍ രാധാമണിയക്ക ലതയക്ക,ജമീല ഉമ്മ, തുടങ്ങി മുഴങ്ങോടിക്കാരിപ്പെണ്ണുങ്ങളുടെ സംയുക്ത നീരാട്ട്.മഴയുടെ വരവറിയിച്ചു കായലിനക്കരെ തെങ്ങോലത്തുന്പുള്‍ വിറച്ച് തുള്ളും.കാറ്റ്
 കിഴക്കൂന്നൊരു വരവാ പിന്നെ....അന്ന് ഈ ഗ്യാസ് ഒക്കെ വയറ്റിലെ ഒള്ളു കേട്ടോ,അടുപ്പെലായിട്ടില്ല,അതുകൊണ്ട് കൂട്ടാന്‍ വയ്ക്കാനും,വെള്ളം ചൂടാക്കാനും പൊത്താന്‍ വേണം.ഭയങ്കര
മത്സരവാ പെണ്ണുങ്ങള്‍ കാറ്റത്ത്‌ വീഴുന്ന ഓല പറക്കാനും,തേങ്ങ എടുക്കാനും...ഞാന്‍ രാവിലെ കണ്ണ് തുറക്കുംബം കേക്കുന്നത് അക്കരെ പാട്ടുപുരക്കല്‍ അമ്പലത്തീന്നു ,ഉദിച്ചുയര്‍ന്നൂ മാമല മേലെ...എന്ന പാട്ട്..ഷാര്‍പ് ടൈം ആണ് കേട്ടോ..എന്നും ആ പാട്ടയിരിക്കും..അത് കഴിഞ്ഞു
 ആനയിറങ്ങും മാമല കൂടി കേട്ടാലെ ഞാന്‍ അരഭിത്തീന്നു താഴെ ഇറങ്ങു.അന്നേരം കാണാം അപ്പൂപ്പനും,പനാട്ടു
തെക്കേലെ അപ്പൂപ്പനും കൂടി വരമ്പത്തൂടെ അങ്ങനെ വരുന്നു
..ഞാനും അമ്മയും അച്ഛനും താമസിക്കുന്ന വീട്ടീന്ന് രണ്ടു വീട് അപ്പുറത്താ അപ്പൂപ്പനും അമ്മൂമ്മയും താമസിക്കുന്ന വീട്.ആ കൊച്ചു വീടും അതിന്റെ പരിസരവും അപ്പൂപ്പന്‍ ഒരു പൂങ്കാവനം ആക്കി ഇട്ടിരുന്നു
ആ നാട്ടില്‍ വേറെ വീട്ടിലൊന്നും ഇല്ലാത്ത ചില പഴങ്ങള്‍  ഒക്കെ ഉണ്ടായിരുന്നു അവിടെ ..അപ്പൂപ്പന്‍ പഴയ ബ്രിട്ടീഷ്‌ മിലിടറിയാ ,ഒരു രക്ഷയുമില്ലാത്ത ഇംഗ്ലീഷും
പരച്ചുട്റ്റ് ജമ്ബിംഗ് തൊട്ടു തുടങ്ങും...പിന്നെ നാട്ടില്‍ വന്നു വില്ലന്‍ എന്നൊരു മാസിക തുടങ്ങി ,അത് കാരണം വില്ലന്‍ ചെല്ലപ്പന്‍ പിള്ളൈ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ അറിയൂ
....ആ അന്നേരം അങ്ങനെയുള്ള അപ്പൂപ്പന്‍ ഇങ്ങനെ വരുന്നത് കാണുമ്പോള്‍ ഞാന്‍ പല്ല് തേപ്പു തുടങ്ങും,ബ്രഷുമായി പടിഞ്ഞാറെ അതിരീലൊരു മാവുണ്ട്,അങ്ങോട്ട്‌ നീങ്ങും...ആ മാവില്‍ എല്ലാ ദിവസവും ഉച്ചക്ക് ഒരു രണ്ടു മണി കഴിയുമ്പം ഒരു കുയില്‍ വരും..പുള്ളിക്കാരന്‍ അങ്ങോട്ട്‌ പാടാന്‍ തുടങ്ങിയാല്‍ എനിക്ക് അപ്പം എന്നീക്കണം,അമ്മ ഉച്ചയുറക്കത്തിനു കിടത്തുന്നതാ ,എനിക്കാണേല്‍ തീരെ പിടിക്കാത്ത കാര്യവും
,പിന്നെ ഞാനുരങ്ങിയില്ലേലും അമ്മ ഉറങ്ങും ആ ടൈമില്‍ നമ്മള്‍ മുങ്ങും...കാലം എത്ര കഴിഞ്ഞു..ആ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഞാന്‍ എന്നേക്കും അകന്നു..എങ്കിലും ഒരു നിമിഷത്തിന്റെ നൂറില്‍ ഒരംശം സമയം മതി എനിക്ക് ആ മാഞ്ചോട്ടില്‍ തിരികെ എത്താന്‍..ഒന്ന് കണ്ണടച്ചാല്‍ മതി എന്റെ പഴയ കുയില്‍ ചങ്ങാതിയുടെ പാട്ട് കേള്‍ക്കാന്‍....ആ വെയിലും,ചൂടും ,മഴയും ,കാറ്റും...എന്നില്‍ നിറയാന്‍..


                                                                                                                             തുടരും

 a