ഒരാള്‍ കടന്നു പോകുമ്പോള്‍ അയാള്‍ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല എന്ന് പറയാറുണ്ട്, പക്ഷെ ചിലര്‍ ചിലത് കൂടെ കൊണ്ടുപോകും ....ജോണ്‍സന്‍ മാഷ് കൊണ്ടുപോയി നമ്മുടെ ആത്മാവിലെ ഒരിടം .എന്നാണ് എന്റെ ഹൃദയ ജാലകങ്ങള്‍ തള്ളിത്തുറന്നു മാഷിന്റെ സംഗീതം കടന്നു വന്നതെന്നോ,എന്നാണ് അവിടെ കൂട് കൂട്ടിയതെന്നോ അറിയില്ല ,ഒരു പക്ഷെ എന്റെ ജീവന്റെ രാഗം ചിട്ടപ്പെടുത്തിയതും കല്യാണിയില്‍ ആയിരുന്നിരിക്കണം ,മാഷിന്റെ പ്രിയ രാഗം.മനസ്സിന്‍ മടിയിലെ മാന്‍തളിരില്‍ മയങ്ങിയ ബാല്യത്തിലും ,മനസ്സിന്‍ മോഹം മലരായ് പൂക്കുന്ന കൌമാരത്തിലും ,കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗ മുദ്രകള്‍ ചാര്‍ത്തിയ യൌവനത്തിലും ആ സംഗീതം മാത്രമായിരുന്നു ഹൃദയത്തില്‍ .മാഷിനെ കാണണം, ,പരിചയപ്പെടണം ഈ കാലത്തിനിടയില്‍ ഞാനും എന്നെക്കാള്‍ മാഷിനെ സ്നേഹിച്ച എന്റെ അനിയനും എത്രയോ തവണ ആവര്‍ത്തിച്ച വാക്കുകള്‍ ...പിന്നീട് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ കൈവന്ന അവസരങ്ങളില്‍ ഒരിക്കല്‍ പോലും മാഷിനെ കാണാന്‍ എനിക്ക് സാധിച്ചില്ല ...ഒരിക്കല്‍ അമൃത ടി വി യുടെ നട വഴിയില്‍ ഒരു പരിചിത മുഖം ...മനസ്സ് ഒരുനിമിഷം തുടിച്ചു ചാടി എങ്കിലും ഏതോ പിന്‍വിളിയില്‍ ഞാന്‍ തിരിഞ്ഞു നടന്നു ,സമയം ആയില്ല എന്ന് സമാധാനിച്ചു. പിന്നെ പല അവസരങ്ങളിലും തൊട്ടടുത്ത് ഉണ്ടായിരുന്നപ്പോള്‍ അതറിയാതെ ആ ഈണങ്ങള്‍ ചുംബിച്ചു ഞാന്‍ നടന്നു പോയി ..രണ്ടു ദിവസമായി പതിവില്ലാതെ മാഷിനെ ഓര്‍ത്തുകൊന്ടെയിരുന്നു.മാഷിന്റെ പ്രിയ സുഹൃത്ത് പ്രസാദിനെ വിളിച്ചു ,പ്രസാദ് ഇനി മാഷ് വീട്ടില്‍ വരുമ്പോള്‍ എന്നെ തീര്‍ച്ചയായും വിളിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ ..ജോണ്‍സന്‍ ഒരു അവധൂതന്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ,സ്നേഹവും താപവും കോപവും എല്ലാം മറയില്ലാതെ കാട്ടിയ ഒരാള്‍,,,തന്റെ ലക്‌ഷ്യം പൂര്‍ത്തീകരിച്ചാല്‍ തിരിച്ചു പോകും അവധൂതന്മാര്‍ .. അങ്ങനെ മാഷും ....എന്റെ വെയിലും ,വര്‍ഷവും ,നിലാവും ,നിനവും ..ഓണവും ,വിഷുവും ,കാവൂട്ടും ,... നിന്റെ സംഗീതം കയ്യൊപ്പ് ചാര്‍ത്താതെ ഒരു പ്രിയ നിമിഷവും കടന്നു പോയിട്ടില്ല ,ഇനി പോവുകയുമില്ല .......വെള്ലാരപ്പൂമല മേലെ പൊങ്കിണ്ണം നീട്ടി ഓണത്താര്‍ ഇറങ്ങി വരണമെങ്കില്‍ എനിക്ക് നിന്റെ പാട്ടിന്റെ കൂട്ട് വേണം ...മാഷേ,കൂടിക്കാഴ്ചക്ക് മുന്നേ പറന്നു പോയല്ലോ .........ശുഭരാത്രി നേരാതെ ........
Thursday, August 18, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment